പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്കുമാറിനെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്തു. 2023-ൽ സുധീഷ്കുമാർ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. സുധീഷ്കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
ഇരുതലമൂരിയെ കടത്തിയ കേസിൽ തമിഴ്നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാൻ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. മൂന്ന് പ്രതികളാണുണ്ടായിരുന്നത്. പ്രതികൾ വന്ന വാഹനത്തിൽ ഉടമയെ ഒഴിവാക്കാൻ ഒരുലക്ഷം രൂപ വാങ്ങി. തുടർന്ന് പ്രതികളെ സഹായിക്കാനെന്ന പേരിൽ ഒരാളുടെ സഹോദരിയുടെ പക്കൽനിന്നും 45000 രൂപ ഓൺലൈനായും വാങ്ങി എന്നിങ്ങനെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വാഹന ഉടമ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല
സുധീഷ്കുമാറിനെതിരേ വനംവകുപ്പിന്റെ വിജിലൻസ് അനേഷണവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി നേരിട്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി. തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോട് തന്നെ ഇയാൾക്ക് നിയമനം നൽകിയതിൽ വനംവകുപ്പിനെതിരേ ആരോപണം ഉയർന്നിരുന്നു. സുധീഷ്കുമാറിനെ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.