ചെന്നെെ: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമായ പമ്പാൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കടന്നുപോയതിന് ശേഷം പാലത്തിന്റെ വെട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടു.എൻജിനിയറിംഗ് വിസ്മയങ്ങളിലൊന്നായാണ് പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പലവട്ടം നടത്തേണ്ടി വന്നതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വർഷം പഴക്കമുള്ള പാലത്തെയാണ് പുനർനിർമിച്ചത്. 99 തൂണുകളോടുകൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം.
ധനുഷ്‌കോടിയെ പ്രേതനഗരമാക്കുകയും 115 യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികളുടെ സ്മാരകമായ പാമ്പൻ പാലത്തിന് പകരമാണിത്. പുതിയ പാലത്തിന് 2019 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. റെയിൽ വികാസ് നിഗം ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. 2020 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് കാരണം നീണ്ടു.