മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പാവൂർ സ്വദേശി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹം പൊലീസ് ഇടപെട്ടാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാൾ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്. ആദ്യ നാലുപ്രസവങ്ങളും വീട്ടിൽ തന്നെയായിരുന്നു നടത്തിയിരുന്നത്. ഭർത്താവ് സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
ഒന്നര വർഷം മുൻപാണ് ഈ കുടുംബം വാടകവീട്ടിലെത്തുന്നത്. ഈ വീട്ടിൽ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുക്കാർക്കോ അയൽക്കാർക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരിൽ പലരും ഇയാളെക്കുറിച്ച് പറയുന്നത്. സിറാജുദ്ദീൻ ‘മടവൂർ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങൾ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്.
ഈ കുടുംബത്തിൽ നാലുകുട്ടികൾ ഉള്ളതുപോലും ആർക്കും അറിയില്ല. കുട്ടികളെ സ്കൂൾ വണ്ടിയിൽ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിവില്ല. കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോൾ അയൽക്കാരി ഗർഭിണിയാണോയെന്ന് ചോദിച്ചെന്നും എട്ടുമാസം ഗർഭിണിയാണെന്ന് മറുപടി പറഞ്ഞെന്നും നാട്ടുകാർ വ്യക്തമാക്കി. 63,500 സബ്സ്ക്രെെബേഴ്സ് ഉള്ള ചാനലാണ് മടവൂർ ഖാഫില. സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാർക്ക് അറിയില്ല. കാസർകോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. പ്രഭാഷണത്തിന് പോകാറുള്ളത് നാട്ടുകാരിൽ ചിലർക്കൊക്കെ അറിയാം.