കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മത്സരങ്ങൾ കൊച്ചിക്ക് പുറമെ കോഴിക്കോട്ടും സംഘടിപ്പിക്കാന്‍ വഴിതെളിയുന്നു. കൊച്ചി ആസ്ഥാനമായ ഫുട്ബോള്‍ ക്ലബിന്ന്റെ ആസ്ഥാനം കൊച്ചിയാണ്. കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കറ്റാല നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ സംസാരിച്ച ടീം സിഇഒ അഭിക് ചാറ്റർജിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കോഴിക്കോടും നടത്താനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചത്. കോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യത തങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഭിക് ചാറ്റർജി, അവിടെയുള്ള ആരാധകരുമായി കൂടുതൽ അടുക്കാൻ ഇത് സഹായിക്കുമെന്നും സൂചിപ്പിച്ചു. കോഴിക്കോട്ട് കളി നടത്തുന്ന കാര്യത്തിൽ ലീഗ് അധികൃതരുമായി തങ്ങൾ സംസാരിച്ചെന്നും അവർക്കും ഈ ആശയത്തോട് തുറന്ന് മനസാണെന്നും അഭിക് ചാറ്റർജി പറഞ്ഞു. പൂർണമായും കോഴിക്കോട്ടേക്ക് മാറാനല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച് ചില കളികൾ നടത്താനാണ് പദ്ധതിയെന്നും പറയുന്ന കേരള ബ്ലാസ്റ്റേഴ്സ് സിഇഒ എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. ക്ലബ്ബിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് കോഴിക്കോട് ആക്കിയേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നെങ്കിലും അതിൽ കഴമ്പില്ലെന്ന് മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടത്താൻ തീരുമാനമായാൽ കോർപറേഷൻ സ്റ്റേഡിയമാകും വേദി. നേരത്തെ 2023 ലെ സൂപ്പർ കപ്പിന് കോഴിക്കോട് വേദിയായിരുന്നു. അന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് മത്സരങ്ങളാണ് അവിടെ നടന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ടിലെത്താതെ പുറത്താവുകയായിരുന്നു.