ബെംഗളൂരു: ബ്ലാക്മെയിൽ ചെയ്ത് പണംതട്ടിയെന്ന പരാതിയിൽ ബെംഗളൂരുവിൽ അധ്യാപിക അടക്കം മൂന്നുപേർ പിടിയിൽ. പ്രീ- സ്കൂൾ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ (28) എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവർ. ശ്രീദേവിയുടെ വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ പ്രീ- സ്കൂൾ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരൻ, തന്റെ മൂന്നു പെൺകുട്ടികളിൽ ഇളയവളായ അഞ്ചുവയസ്സുകാരിയെ 2023-ൽ ശ്രീദേവി അധ്യാപികയായ പ്രീ- സ്കൂളിൽ ചേർത്തിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ശ്രീദേവി 2024-ൽ പരാതിക്കാരനിൽനിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. പിന്നീട് മടക്കിനൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.2024 ജനുവരിയിൽ പണം തിരികെ ചോദിച്ചപ്പോൾ സ്കൂളിന്റെ പാർട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലായി. പതിവായി ഉപയോഗിക്കുന്ന നമ്പർ ഒഴിവാക്കി പുതിയ സിം കാർഡ് എടുത്തായിരുന്നു ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. നേരത്തെ നൽകിയ പണം തിരികെ ആവശ്യപ്പട്ടപ്പോൾ ശ്രീദേവി, പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച് പരാതിക്കാരനോട് അടുത്തിടപഴകിയ ശ്രീദേവി, 50,000 രൂപ കൂടി കൈക്കലാക്കി.ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താൻ കഴിയാതിരുന്ന പരാതിക്കാരൻ, ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന സിം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 12-ന് ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ വിളിച്ച്, മകളുടെ ടിസി വാങ്ങാൻ ഇയാളോട് സ്കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്കൂളിലെത്തിയ പരാതിക്കാരനെ ഗണേഷും സാഗറും ചേർന്ന് കായികമായി കീഴ്പ്പെടുത്തി. ശ്രീദേവിയുമായുള്ള ബന്ധം കുടുംബത്തിലും പോലീസിലും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറയാതിരിക്കാൻ ഇവർ ഒരുകോടി രൂപ ആവശ്യപ്പെട്ടു.പരാതിക്കാരനെ കാറിൽ കയറ്റി പലസ്ഥലങ്ങളിലേക്കും ഇവർ സഞ്ചരിച്ചു. കാറിൽവെച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. ഒടുവിൽ 20 ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ സമ്മതിച്ചു. വിട്ടയക്കാൻ ഉടൻ തന്നെ 1.9 ലക്ഷം രൂപ കൈമാറണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു.മാർച്ച് 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെട്ടു. 15 ലക്ഷം നൽകിയില്ലെങ്കിൽ സ്വകാര്യവീഡിയോ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിൽ പരാതിപ്പെട്ടത്.