ചെന്നൈ: വിജയിച്ചെങ്കിലും മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ വിറച്ചിരുന്നു. വിറപ്പിച്ചത് മറ്റാരുമല്ല 24-കാരനായ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. മുംബൈയുടെ ചെറിയ സ്‌കോറിനെ അനായാസം മറികടക്കാമെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ചെന്നൈക്ക് കാര്യങ്ങള്‍ അത്രം എളുപ്പമായിരുന്നില്ല. രണ്ടാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ നഷ്ടമായെങ്കിലും പിന്നീടെത്തിയ ഋതുരാജ് ഗെയ്ക്‌വാദ് രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം ചേര്‍ന്ന ടീമിനെ അനായാസം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് മിന്നല്‍പ്പിണറായി വിഘ്‌നേഷ് ഇംപാക്ട് പ്ലയറായി കളത്തിലെത്തുന്നത്. ആദ്യം ഗെയ്ക്‌വാദ്, പിന്നീട് ശിവം ദുബെ, പിന്നാലെ ദീപക് ഹൂഡ എന്നീ ചെന്നൈയുടെ മൂന്ന് മുന്‍നിരക്കാരെ മടക്കി അയച്ചു. സീസണിലെ തങ്ങളുടെ ആദ്യ മത്സരം തോല്‍ക്കുന്ന പതിവ് തുടര്‍ച്ചയായി 13-ാം വര്‍ഷവും മുംബൈ ആവര്‍ത്തിച്ചപ്പോള്‍ വിഘ്‌നേഷിന്റെ പ്രകടനം വേറിട്ടുനിന്നു. മത്സരത്തില്‍ രണ്ടുബോള്‍ നേരിട്ട ചെന്നൈയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെയും ശ്രദ്ധ പിടിച്ചുപറ്റി വിഘ്‌നേഷ്. മത്സരശേഷം വിഘ്‌നേഷിനെ തോളില്‍തട്ടി അഭിനന്ദിക്കുകയും ചെയ്തു ധോണി. സ്വപ്‌നതുല്യമായ തന്റെ അരങ്ങേറ്റത്തില്‍ മലയാളി താരത്തിന് എം.എസ്.ധോണിയുമായി സംവദിക്കാനും അവസരം ലഭിച്ചു. മത്സരത്തില്‍ നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകള്‍ നേടി. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സിലെത്തിയത്. ചൈനാമാന്‍ ബോളറാണ്. ഈ ബൗളിങ് ശൈലിയാണ് മുംബൈയുടെ തിരഞ്ഞെടുപ്പിനു പിന്നിലും. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് അംഗമായിരുന്നു. ആ പ്രകടനം കണ്ടാണ് മുംബൈ സ്‌കൗട്ട് ട്രയല്‍സിനു വിളിച്ചത്.