തൊടുപുഴ: ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ (50) ബിസിനസ് പങ്കാളിയായ ജോമോൻ മുൻപും അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന സൂചനകൾ പുറത്ത്. ഇവരുടെ അയൽവാസിയും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ പ്രശോഭ് ഒരു ചാനലിനോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. കൊച്ചിയിലെ കണ്ടെയ്‌നർ സാബുവിന്റെ അനുയായികൾക്കാണ് ആദ്യം ക്വട്ടേഷൻ നൽകിയത്. വീടാക്രമിക്കാനായിരുന്നു അന്നത്തെ പദ്ധതി. എന്നാൽ ജോമോന് ഇക്കാര്യത്തിൽ താൽപര്യം തോന്നിയില്ലാത്തതിനാൽ പിന്മാറി. പിന്നീട് സാബുവിന്റെ അനുയായി കാപ്പ കേസ് പ്രതിയായ ആഷിക്കിന് ആറ് ലക്ഷം രൂപയ്‌ക്ക് ജോമോൻ ക്വട്ടേഷൻ നൽകി. ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സംഭവത്തിൽ കണ്ടെയ്‌നർ സാബുവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് അയൽവാസിയുടെ വെളിപ്പെടുത്തൽ. ജോമോൻ പറഞ്ഞിട്ട് ഇരുവരും തമ്മിലെ സാമ്പത്തിക തർക്കത്തിൽ മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും പ്രശോഭ് വ്യക്തമാക്കിയിട്ടുണ്ട്. ബിജുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലയ്‌ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മർദ്ദനം കാരണമെന്ന നിർണായക വെളിപ്പെടുത്തലുമുണ്ട്. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ വാഹനത്തിനുള്ളിൽ വച്ചാണ് മർദ്ദിച്ചത്.ബിജു ജോസഫ് ബഹളം വച്ചപ്പോൾ കേസിലെ രണ്ടാംപ്രതി പറവൂർ വടക്കേക്കര സ്വദേശി ആഷിക് ജോൺസണാണ് (27) തലയിൽ ഇടിക്കുകയും കഴുത്തിൽ ചവിട്ടി പിടിക്കുകയും ചെയ്തത്. ഇതാണ് മരണകാരണമായത്. ഇന്ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.







