യുഎസിലെ വിർജീനിയയിൽ ഇന്ത്യക്കാരായ അച്ഛനും മകളും വെടിയേറ്റു മരിച്ചു. പ്രദീപ് പട്ടേൽ (56), മകൾ ഊർമി (24) എന്നിവരാണ് മരിച്ചത്. അക്കോമാക് കൗണ്ടിയിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിലാണ് സംഭവം നടന്നത്. ഇരുവരും സ്റ്റോറിലെ ജീവനക്കാരായിരുന്നു. പ്രദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഊർമി മരിച്ചത്. സംഭവത്തിൽ ജോർജ് ഫ്രാസിയർ ഡെവോൺ വാർട്ടൺ (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. അതിരാവിലെ മദ്യം വാങ്ങാനായി കടയിലെത്തിയ ജോർജ് രാത്രി എന്തുകൊണ്ടാണ് കട തുറക്കാത്തതെന്ന് ചോദിച്ചു. പിന്നാലെ പ്രദീപിനും ഊർമിക്കും നേരെ വെടിയുതിർക്കുകയായിരുന്നു. എന്താണ് പ്രകോപനത്തിന് കാരണമെന്ന് അറിയില്ലെന്ന് കടയുടമയായ പട്ടേൽ പറഞ്ഞു.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്നുള്ള പ്രദീപ് ഭാര്യ ഹൻസാബെൻ, മകൾ ഊർമി എന്നിവർക്കൊപ്പം ആറുവർഷം മുൻപാണ് യുഎസിലെത്തിയത്. ഇവിടെ ബന്ധുവായ പരേഷ് പട്ടേലിന്റെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രദീപിന്റെ മറ്റൊരു മകൾ കാനഡയിലാണ് താമസം, ഒരാൾ അഹമ്മദാബാദിലും.
നോർത്ത് കരോലിനയിൽ കട നടത്തുകയായിരുന്ന ഇന്ത്യൻ വംശജനായ മൈനക് പട്ടേൽ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. കടയിലെ മോഷണ ശ്രമം തടയുന്നതിനിടെ മൈനക് വെടിയേറ്റ് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിർജീനിയയിൽ ഇന്ത്യക്കാരായ അച്ഛനും മകളും കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകത്തിൽ ഞെട്ടലിലാണ് യുഎസിലെ ഇന്ത്യൻ സമൂഹം.