തിരുവനന്തപുരം: ടൂറിസം മേഖലയിലെ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം ഊന്നല്‍ നല്‍കണമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയുടെ ടൂറിസം വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. നിലവില്‍ കേരളം നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഭാവി പദ്ധതികള്‍ക്കും കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളും നൂതന ഉത്പന്നങ്ങളും നടപ്പാക്കുന്ന കേരളത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഇതിന് തുടര്‍ച്ചയുണ്ടാകണം. തനത് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ബീച്ച്, ആയുര്‍വേദം, വെല്‍നെസ്, ഹെറിറ്റേജ്, പില്‍ഗ്രിം, സ്പിരിച്വല്‍ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിന് കൂടുതല്‍ സാധ്യതകളുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല. സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, കേന്ദ്ര, സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.