ആലപ്പുഴ: മദ്യലഹരിയിൽ പാതിബോധത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവരെ ട്രെയിൻ പെട്ടെന്ന് നിർത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ. ട്രെയിൻ എമർജൻസി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. ആലുവ അങ്കമാലി റൂട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഷാലിമാർ എക്സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെട്ട് ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ ലോക്കോ പൈലറ്റുമാർ കണ്ടത്. ഇരുവരും ട്രാക്ക് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്നതാണെന്ന് മനസിലാക്കിയ ഇവർ ഉടനടി എമർജൻസി ബ്രേക്കിട്ടു. ട്രെയിൻ സമീപത്തെത്തിയതും ഇരുവരും ട്രാക്കിനുള്ളിലേക്ക് വീണു. പുറത്തിറങ്ങി നോക്കിയപ്പോൾ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കിയ ലോക്കോപൈലറ്റുമാർ ഇരുവരെയും രക്ഷപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തി. അടിന്തിരഘട്ടത്തിൽ മാത്രമാണ് എമർജൻസി ബ്രേക്കിടാൻ അനുവാദമുള്ളത്. ഇത്തരത്തിൽ എമർജൻസി ബ്രേക്കിടുന്ന സാഹചര്യമുണ്ടായാൽ ഉന്നതതലത്തിൽ വിശദീകരണം നൽകുകയും വേണം. ട്രെയിനിന്റെ പിൻഭാഗം ആലുവ പാലത്തിന് മുകളിലായിരുന്നതിനാൽ ട്രെയിൻ മാനേജർക്ക് പുറത്തിറങ്ങി സംഭവിച്ചത് മനസിലാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ആയതിനാലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ലോക്കോപൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.