മലപ്പുറം: മഞ്ചേരിയില്‍ വ്‌ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികത തള്ളി പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെയായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.
പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്ന് പൊലീസ് അറിയിച്ചു. ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായും പരാതിയുണ്ടായിരുന്നു. അപകടത്തിന് തൊട്ട് മുമ്പാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ പരാതി ലഭിച്ചത്. മഞ്ചേരി മരത്താണിയില്‍ വെച്ചായിരുന്നു ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്.