റിയോ ഡി ജനീറോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് വീണ്ടും പരിക്ക്. ഇതോടെ അർജന്റീനക്കും കൊളംബിയക്കുമെതിരെ പ്രഖ്യാപിച്ച ബ്രസീൽ ടീമിൽ നിന്നും നെയ്മറിനെ ഒഴിവാക്കി. കൗമാര താരം എൻട്രിക് പകരക്കാരനായി ടീമിലിടം പിടിച്ചു. പരിക്ക് മൂലം ഒന്നരവർഷത്തോളം കളത്തിന് പുറത്തായിരുന്ന നെയ്മർ ബ്രസീലിയൻ ക്ലബായ സാന്റോസിനായി മിന്നും പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ഇതോടെയാണ് നെയ്മറിനെ ബ്രസീലിയൻ ടീമിൽ ഉൾപ്പെടുത്തിയത്. 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീലിനായി കളത്തിലിറങ്ങിയത്.
‘‘മടങ്ങിവരവിന് അടുത്തായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജഴ്സി ഇപ്പോൾ അണിയാനാകില്ല. പരിക്ക് മുഴുവനായി മാറാതെ കളത്തിലിറങ്ങി റിസ്ക് എടുക്കേണ്ട എന്ന് പലരും പറഞ്ഞത് അനുസരിച്ചാണ് ഈ തീരുമാനം’’ -നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പരിക്കേറ്റ ഗോൾകീപ്പർ എഡേഴ്സൺ, പ്രതിരോധ നിര താരം ഡാനിലോ എന്നിവരെയും ടീമിൽ നിന്നും മാറ്റി. ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഗോൾകീപ്പർ ലൂക്കാസ് പെട്രി, െഫ്ലമെങ്ങോ പ്രതിരോധ താരം അലെക്സ് സാൻഡ്രോ എന്നിവരാണ് പകരം ഇടംപിടിച്ചത്. മാർച്ച് 25നാണ് അർജന്റീന-ബ്രസീൽ പോരാട്ടം.