മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും. മരണത്തിൽ ജുനൈദിന്റെ കുടുംബം പരാതി നൽകിയിട്ടില്ല.
അറിയപ്പെടുന്ന ടിക് ടോക് താരവും വ്ലോഗറുമാണ് ജുനൈദ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.