ആർഎസ്എസിനെതിരെ വീണ്ടും ആഞ്ഞടിച്ച് തുഷാർ ഗാന്ധി. ആർഎസ്എസിൻ്റെ ഹീനമായ പ്രവൃത്തികൾ ഇനിയും തുറന്നു കാട്ടുമെന്നും മുൻപ് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രസ്താവനകൾ ഒരിക്കലും പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലായതു കൊണ്ടാണ് തനിയ്ക്ക് മറ്റൊന്നും സംഭവിക്കാതിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ തനിയ്ക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമായിരുന്നില്ലെന്നും പരസ്പര ബഹുമാനമുള്ളവരാണ് കേരളത്തിലുള്ളത് എന്ന് പറഞ്ഞ അദ്ദേഹം ആർ എസ് എസ് പടർത്തുന്ന ക്യാൻസറിനെതിരെ ഒരുമിച്ച് പോരാടാമെന്നും കൂട്ടിച്ചേർത്തു.അതേസമയം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 ആർഎസ്എസ് ബിജെപി നേതാക്കൾ അറസ്റ്റിലായി. പ്രാദേശിക നേതാക്കളായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തടഞ്ഞുനിർത്തിയതിനും മുദ്രാവാക്യം വിളിച്ച് പ്രശ്നമുണ്ടാക്കിയതിനുമാണ് കേസ്. സംഭവത്തിൽ സ്വമേധയാ നെയ്യാറ്റിൻകര പൊലീസ് കേസെടുക്കുകയായിരുന്നു.ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാർ ഗാന്ധിയെ ബിജെപി കൗൺസിലർ മഹേഷിൻ്റെ നേതൃത്വത്തിലാണ് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്