കൂറ്റനാട് : 96 തട്ടകങ്ങൾക്ക് ഉത്സവപ്പൊലിമയേകി പെരിങ്ങോട് ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. തലയെടുപ്പുള്ള 27 ആനകളെ അണിനിരത്തിയുള്ള കൂട്ടിയെഴുന്നള്ളിപ്പും വേലവരവും കലാകാരന്മാരുടെ മേളങ്ങളുമുണ്ടാകും.
96 ദേശങ്ങളുടെ ദേവിയായ ആമക്കാവ് ഭഗവതിയെ വണങ്ങുന്നതിന് ഉത്സവപ്രേമികളും വിശ്വാസികളുമായ പതിനായിരങ്ങൾ ആമക്കാവിലേക്ക് ഒഴുകിയെത്തും. രാവിലെമുതൽ നടക്കുന്ന വിശേഷാൽപൂജകൾക്ക് തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനാവും.
12 ദിവസം മുൻപാണ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റിയത്. വ്യാഴാഴ്ച്‌ച വൈകീട്ട് മട്ടന്നൂർ ശ്രീരാജും ചിറക്കൽ നിധീഷും ഇരട്ടത്തായമ്പക അവതരിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവസ്വം എഴുന്നള്ളിപ്പ് ക്ഷേത്രനടയിൽനിന്ന് തുടങ്ങും.
ദേവസ്വം പഞ്ചവാദ്യത്തിൽ ചെർപ്പുളശ്ശേരി ശിവൻ, സദനം ഭരതൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ഹരീഷ് നമ്പൂതിരി, ജയൻ തിരുവില്വാമല, കുട്ടിനാരായണൻ എന്നിവർ പ്രമാണികളാകും.
സൗത്ത് ന്യൂ ബസാർ കമ്മിറ്റിയുടെ എഴുന്നള്ളത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മലദേശം സെൻ്റർ കമ്മിറ്റിയുടെ എഴുന്നള്ളത്തിൽ തിരുവമ്പാടി ചന്ദ്രശേഖരനും സികെ നഗറിലെ ഉത്സാഹ കമ്മിറ്റിയുടെ എഴുന്നള്ളത്തിന് പുതുപ്പുള്ളി കേശവനും വട്ടേനാട് ദേശം സെൻ്റർ കമ്മിറ്റിയുടെ എഴുന്നള്ളത്തിന് പാമ്പാടി രാജനും സ്റ്റാർ ബോയ്‌സ് ആമക്കാവിനുവേണ്ടി വൈലാശ്ശേരി അർജുനനും നവധ്വനി തൊഴുക്കാടിനുവേണ്ടി കരുവന്തല ഗണപതിയും ചക്രവ്യൂഹ പെരിങ്ങോട് കമ്മിറ്റിക്ക് ചിറക്കൽ കാളിദാസനും വടക്കുമുറിക്ക് ചെർപ്പുളശ്ശേരി രാജശേഖരനും നവോദയയ്ക്ക് കൂറ്റനാട് വിഷ്ണുവും ന്യൂ ബസാർ ടീമിനായി ലിബർട്ടി ഉണ്ണിക്കുട്ടനും തിടമ്പേറ്റും.
വിവിധ പ്രദേശങ്ങളിൽനിന്നുള്ള എഴുന്നള്ളിപ്പ് വൈകീട്ട് അഞ്ചുമുതൽ ക്ഷേത്രനടയിലെത്തും. അമ്പലത്തിനോടുചേർന്ന പാടത്ത് വൈകീട്ട് 7.30-ന് കൂട്ടിയെഴുന്നള്ളിപ്പിനായി അണിനിരക്കും.
കൂട്ടിയെഴുന്നള്ളിപ്പ് അവസാനിക്കുന്നതോടെ വേലവരവ് നടക്കും. ഇണക്കാളകൾ, കരിങ്കാളി, തെയ്യം, ശിങ്കാരിമേളം, കാവടിയാട്ടം, പൂതൻ, തിറ, നാടൻകലാരൂപങ്ങൾ, പ്രാചീന വേഷങ്ങൾ, ചവിട്ടുകളി, ബൊമ്മവേഷങ്ങൾ, സംഘനൃത്തങ്ങൾ എന്നിവയുണ്ടാകും.
രാത്രി തായമ്പക, പുലർച്ചെ വിവിധ കമ്മിറ്റികളുടെ പൂരം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും.