കൊല്ലം എസ്എൻ കോളേജ് ജംഗ്ഷനിലെ സിഎസ്ഐ പള്ളി വളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചവയെന്ന് സംശയം. ഇടുപ്പ് എല്ലിൽ ‘H’ എന്നും കാലിന്റെ എല്ലിൽ ‘O’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന്‍റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തൽ.ഇന്ന് രാവിലെയാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ സ്യൂട്ട്കേസിനുള്ളിൽ നിന്നും അസ്ഥിക്കൂടം ലഭിച്ചത്. പള്ളി ജീവനക്കാരനാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. അസ്ഥികൂടം മനുഷ്യന്റെ തന്നെയാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായിരുന്നു. എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് പറഞ്ഞിരുന്നു.