വിമൽ പാൻ മസാലയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ എന്നിവർക്ക് നോട്ടിസ്. ജയ്പൂർ ആസ്ഥാനമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റേതാണ് നടപടി.
ഉൽപ്പന്നത്തിൻ്റെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന വാദത്തിലാണ് നോട്ടീസ്. വിഷയത്തിൽ മാർച്ച് 19 ന് നേരിട്ടോ ഒരു പ്രതിനിധി മുഖേനയോ ഹാജരാകാൻ ഫോറം സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജയ്പൂർ നിവാസിയായ യോഗേന്ദ്ര സിംഗ് ബദിയാൽ ആണ് കമ്പനി തെറ്റായ പരസ്യം നൽകി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. “ദാനേ ദാനേ മേം ഹേ കേസർ കാ ദം (ഓരോ തരിയിലും കുങ്കുമപ്പൂവിന്റെ വീര്യമുണ്ട്)” എന്ന ടാഗ്‌ലൈൻ ആണ് പരാതിയുടെ കേന്ദ്ര ബിന്ദു.
കുങ്കുമപ്പൂവിൻ്റെ വില കിലോഗ്രാമിന് ഏകദേശം 4 ലക്ഷം രൂപയാണെന്നും പാൻ മസാല പൗച്ച് വെറും 5 രൂപയ്ക്ക് വിൽക്കുന്നതിനാൽ യഥാർത്ഥ കുങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ ഉൽപ്പന്നത്തിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്ന് ആരോപിച്ച് പരസ്യം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതി പരിഗണിച്ച ഗ്യാർസിലാൽ മീണ അധ്യക്ഷയും അംഗവുമായ ഹേമലത അഗർവാളിന്റെ നേതൃത്വത്തിലുള്ള ഫോറമാണ് പരസ്യത്തിലെ അഭിനേതാക്കൾക്കും കമ്പനിയുടെ ചെയർമാനും നോട്ടീസ് അയച്ചത്.