തിരൂർ: കാണാതായ പ്ലസ്ടു വിദ്യാർത്ഥിനികളെ കണ്ടെത്താൻ സഹായിച്ച കേരള പൊലീസ് അടക്കമുള്ളവർക്ക് നന്ദിപറഞ്ഞത് പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാവ്. മകളുമായി വീഡിയോ കോളിൽ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ പോയ കുട്ടികൾ ഇടയ്ക്കുവച്ച് വസ്ത്രംമാറുകയായിരുന്നു എന്നും കയ്യിലുണ്ടായിരുന്ന പൈസ ശരീരത്തിലെ സ്വർണം വിറ്റ് കിട്ടിയതാണന്നും തങ്ങൾ ടൂർ പോയതാണെന്നുമാണ് മകൾ പറഞ്ഞതെന്നും രക്ഷിതാവ് വ്യക്തമാക്കി. കാണാതായ പെൺകുട്ടികളെ മുപ്പത്താറുമണിക്കൂറിനുശേഷമാണ് മഹാരാഷ്ട്രയിൽ ഇന്നലെ കണ്ടെത്തിയത്. ‘അവൾക്ക് മോഡേണായി നടക്കാൻ ഇഷ്ടമാണ്. പുരികം ത്രെഡ് ചെയ്യണമെന്നതും മുടി സ്‌ട്രെയ്റ്റൻ ചെയ്യണമെന്നതും അവളുടെ ആഗ്രഹങ്ങളായിരുന്നു. പാന്റ്സ് ഇടണമെന്നും ആഗ്രഹം പറഞ്ഞിരുന്നു. ഞങ്ങൾ ജീവിച്ചുവളർന്ന സാഹചര്യം അങ്ങനെയായിരുന്നില്ല. അതിനാൽ കുടുംബം അതിന് സമ്മതം കൊടുത്തിരുന്നില്ല. മുംബയിൽ പോയി ആദ്യം ചെയ്തതും അവളുടെ ആഗ്രഹങ്ങളായിരുന്നു. ഇത്തരം പ്രശ്നങ്ങളല്ലാതെ വീടുമായി മറ്റൊരു പ്രശ്നവും ഇല്ല. ഞങ്ങൾപോലും ഒറ്റയ്ക്ക് യാത്രചെയ്യാൻ പേടിക്കുന്ന സ്ഥലത്താണ് അവർ എത്തിപ്പെട്ടത്. അവിടെനിന്ന് ഒരു പോറൽപോലും ഏൽക്കാതെ സുരക്ഷിതമായി എത്തിച്ചുതന്നത് തന്നെ വലിയൊരു അനുഗ്രഹമാണ്. പെൺകുട്ടിയുടെ കൂടെ സഹായിക്കാൻ ഉണ്ടായിരുന്നു എന്ന് പറയുന്ന യുവാവിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പൊലീസ് പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ.’- ഒരു പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ബുധനാഴ്ച ഉച്ചമുതലാണ് താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് പ്ളസ്ടു വിദ്യാർത്ഥിനികളെ കണാതാകുന്നത്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെ കുട്ടികൾ മുംബയിലെ ഒരു സലൂണിൽ കയറി മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. സ്കൂളിൽ എത്താത്തതിനെ തുടർന്ന് അദ്ധ്യാപകർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്.കുട്ടികളിലൊരാൾ കഴിഞ്ഞ വർഷം സ്കൂൾ ടൂറിന് വീട്ടുകാർ വിടാത്തതിനാൽ പിണങ്ങി ഒറ്റയ്ക്ക് ട്രെയിനിൽ യാത്രചെയ്തിരുന്നതായി സൂചനയുണ്ട്.