ചെങ്ങമനാട്(എറണാകുളം): കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുന്നുകരയില്‍നിന്ന് 500 രൂപയുടെ 21 കള്ളനോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വയല്‍ക്കര പ്ലാശേരി ശ്രീനാഥിനെ (32) ചെങ്ങമനാട് പോലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 11-ഓടെ കുന്നുകര സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് ഇയാള്‍ 500 രൂപയുടെ 11 കള്ളനോട്ടുകളുമായി എത്തിയത്. നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം, സെക്യൂരിറ്റി ത്രെഡ് എന്നിവയുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ചെങ്ങമനാട് പോലീസിനെ അറിയിച്ചു.ശ്രീനാഥിനെ പിന്നീട് ഗോതുരുത്തില്‍നിന്ന് പോലീസ് പിടികൂടി. ലോട്ടറി വില്പനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നോട്ടുകള്‍ കിട്ടിയതു സംബന്ധിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഞായറാഴ്ച ശ്രീനാഥിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയില്‍ ചാലക്ക ഗവ. എല്‍.പി. സ്‌കൂളിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിനോടു ചേര്‍ന്നുള്ള റോഡരികില്‍നിന്ന് 500 രൂപയുടെ 10 കള്ളനോട്ടുകള്‍ ലഭിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.