ഓച്ചിറ(കൊല്ലം): റേഷന്‍കടയിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 58-കാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ഓച്ചിറ, ഞക്കനാല്‍ അനന്തുഭവനത്തില്‍ അനന്തു (28), ഓച്ചിറ പായിക്കുഴി രഞ്ജുഭവനത്തില്‍ അനു (27) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഓച്ചിറ പായിക്കുഴി സ്വദേശിയായ സുഗതനെ(58)യാണ് പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 24-ന് നാലിന് പായിക്കുഴി തോപ്പില്‍മുക്കിലെ റേഷന്‍കടയില്‍ മസ്റ്ററിങ്ങിന് എത്തിയതായിരുന്നു സുഗതന്‍. ഈ സമയം അവിടെയെത്തിയ പ്രതികള്‍ അനാവശ്യമായി ബഹളമുണ്ടാക്കിയപ്പോള്‍ വിവരം പോലീസില്‍ അറിയിക്കാന്‍ കടയുടമയോട് സുഗതന്‍ പറഞ്ഞു. ഈ വിരോധത്തില്‍ പ്രതികള്‍ സുഗതനുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കമ്പിവടി ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.പിടിച്ചുമാറ്റാന്‍ ശ്രമിച്ച സുഗതന്റെ ഭാര്യയേയും ഇവര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്ന് ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ള അറിയിച്ചു.