കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ട്രെയിൻ എത്തിയപ്പോൾ മക്കളെയും ചേർത്തുപിടിച്ച് ഷൈനി ട്രാക്കിൽ കയറിനിൽക്കുകയായിരുന്നെന്നു ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഷൈനി മക്കളുമായി ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. മാർച്ച് ഒന്നിനാണ് മക്കളായ അലീനയും ഇവാനയുമായി ഷൈനി ട്രെയിനിന് മുന്നിൽ ചാടിയത്.ഷൈനി കുര്യാക്കോസിന്‍റെയും മക്കളായ അലീനയുടെയും ഇവാനയുടെയും സംസ്കാരം നടക്കുമ്പോൾ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഭർത്താവിനും കുടുംബത്തിനും എതിരെ ഭാര്യവീട്ടിലും സംസ്കാരം നടന്ന തൊടുപുഴ ചുങ്കം പള്ളിയിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആത്മഹത്യയിൽ വിശദമായ അന്വഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.അമ്മയെയും സഹോദരങ്ങളേയും തന്‍റെ ഇടവക പള്ളിയിൽ സംസ്കരിക്കണമെന്ന ഷൈനിയുടെ മൂത്ത മകൻ എഡ്വിന്‍റെ ആവശ്യപ്രകാരമാണ് കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ തട്ടി മരിച്ച ഷൈനിയുടെയും 2 മക്കളുടെയും മൃതദേഹം തൊടുപുഴ ചുങ്കത്തേക്ക് കൊണ്ടുവന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുകളുമായി ഭാര്യ വീട്ടിൽ എത്തിയ ഭർത്താവ് ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പോലീസ് സംരക്ഷണയിലാണ് 3 ആംബുലൻസുകളിലായി മൃതദേഹങ്ങൾ നോബിയുടെ വീട്ടിലെത്തിച്ചത്. എന്നാൽ ശക്തമായ പ്രതിഷേധമാണ് നോബിക്കും കുടുംബത്തിനുമെതിരെ സ്വന്തം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.