കാസർകോട്: ഭർത്താവിന്റെ വീട്ടിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. വലിയപറമ്പ് സ്വദേശി നികിതയാണ് കഴിഞ്ഞ മാസം 17ന് ഭർത്താവ് വൈശാഖിന്റെ വീട്ടിൽ വച്ച് മരിച്ചത്. കിടപ്പുമുറിയിലെ ജനാലയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മാനസികപീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.പൊലീസിൽ പരാതി നൽകിയിട്ടും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താൻ വൈകിയെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നുണ്ട്. നീതിക്കായി നിയമപരമായി ഏതറ്റം വരേയും പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. തളിപ്പറമ്പ് ലൂർദ്ദ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു നികിത. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. സുനിൽ, ഗീത എന്നിവരാണ് നികിതയുടെ മാതാപിതാക്കൾ.