ഡൽഹി: 2024-ൽ ഇന്ത്യയിൽ 84 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണെന്ന് ഡിജിറ്റൽ റൈറ്റ്സ് സംഘടനയായ ആക്‌സസ് നൗവിന്റെ റിപ്പോർട്ട് പറയുന്നു. സൈനിക ഭരണകൂടം 85 തവണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തിയ മ്യാൻമറാണ് പട്ടികയിൽ ഒന്നാമത്. 2023ൽ 116 ഇൻറർനെറ്റ് നിരോധനമാണ് ഇന്ത്യയിലുണ്ടായത്. 2024ൽ ഇതിൽ കുറവുണ്ടായെങ്കിലും ഒരു ജനാധിപത്യ രാജ്യത്തുണ്ടായ ഏറ്റവും വലിയ കണക്കാണിത്. ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കലാപം തുടരുന്ന മണിപ്പൂരിൽ 21, ഹരിയാനയിലും ജമ്മു കശ്മീരിലും 12 വീതം എന്നിങ്ങനെ നിരോധനം ഏർപ്പെടുത്തി . ആകെ 84 നിരോധനങ്ങളിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ അക്രമങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കഴിഞ്ഞ വർഷം സർക്കാർ ജോലികൾക്കായി നടത്തിയ പരീക്ഷകൾക്കിടെ അഞ്ച് തവണ ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2024ൽ 54 രാജ്യങ്ങളിലായി ആകെ 296 ഇൻറർനെറ്റ് നിരോധനങ്ങളാണ് രേഖപ്പെടുത്തിയത്. 2023-ൽ ആകെ 283 നിരോധനങ്ങളാണ് ഉണ്ടായത്. വർഷാവർഷം സംഘർഷങ്ങൾ, പ്രതിഷേധങ്ങൾ, തെരഞ്ഞെടുപ്പുകൾ, പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 2024ൽ 21 നിരോധനങ്ങളുമായി പാകിസ്താനാണ് പട്ടികയിൽ മൂന്നാമത്. റഷ്യയിൽ 13ഉം ഉക്രെയ്നിൽ ഏഴും ഫലസ്തീനിൽ ആറും ബംഗ്ലാദേശിൽ അഞ്ചും തവണ നിരോധനമുണ്ടായി. 2024-ൽ രേഖപ്പെടുത്തിയ മൊത്തം നിരോധനങ്ങളുടെ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോർട്ട് പറയുന്നു. ഇന്റർനെറ്റ് നിരോധനങ്ങൾ തുടരുന്ന രാജ്യങ്ങൾ അവയെക്കുറിച്ച് അന്വേഷണം നടത്തുകയും ഉത്തരവാദിത്തം വഹിക്കുകയും ഇതിെൻറ ഇരയായവർക്ക് പരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. ‘ഇന്റർനെറ്റ് നിരോധനത്തിെൻറ മറവിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെയും അവരുടെ സഹായികളെയും ലഭ്യമായ എല്ലാ നീതിമാർഗങ്ങളിലൂടെയും സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും പിടികൂടണം’ -റിപ്പോർട്ട് നിർദേശിച്ചു.