തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പി എസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് സഞ്ജീവ് ആണ് പുതിയ സംസ്ഥാന സെക്രട്ടറി. ആലപ്പുഴയിൽ നിന്നുള്ള എം ശിവപ്രസാദിനെ പ്രസിഡന്റായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. വലിയ ഉത്തരവാദിത്തമാണ് സംഘടന നൽകിയതെന്നും കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.സെക്രട്ടറിസ്ഥാനത്തേക്ക് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി വരുന്നുവെന്നുള്ള സൂചനകൾ അനുശ്രീയെ ചുറ്റിപ്പറ്റി പുറത്തുവന്നിരുന്നു. എന്നാൽ, പരിഗണനാ പട്ടികയിലുണ്ടായിരുന്ന പി എസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്.പി എസ് സഞ്ജീവ് നിലവിൽ എസ്എഫ് ഐ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്. കണ്ണൂർ സർവകലാശാല പാലയാട് കാംപസിൽ അവസാന വർഷ എൽഎൽബി വിദ്യാർത്ഥിയാണ്. കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. എസ്എഫ്ഐ പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.തിരുവനന്തപുരത്ത് 35ാംമത് എസ്എഫ് ഐ സംസ്ഥാനസമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാര്‍: പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍. ജോയിന്റെ സെക്രട്ടറിമാര്‍: എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ്