ജയ്‌പൂർ: ദേശീയ ജൂനിയർ ഗെയിംസിൽ സ്വർണമെഡൽ നേടിയ പവർ ലിഫ്‌റ്റിംഗ് താരത്തിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലെ ജിമ്മിൽ വച്ചാണ് അപകടമുണ്ടായത്. പരിശീലനത്തിനിടെയാണ് യാഷ്‌തിക ആചാര്യ (17) മരിച്ചത്. 270 കിലോ ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റിയ യാഷ്‌തികയുടെ പുറത്തേക്ക് ബാർബെൽ വീണ് കഴുത്ത് ഒടിയുകയായിരുന്നു.പരിശീലകന്റെ സഹായത്തോടെ 270 കിലോ സ്‌ക്വാട്ട് ചെയ്യാൻ നോക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെയ്റ്റ് ബാർ തോളിലെടുത്തതിന് പിന്നാലെ ഇവർക്ക് ബാലൻസ് തെറ്റി. ഗ്രിപ്പിൽ നിന്ന് തെന്നിമാറിയ ബാർ അവരുടെ കഴുത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ യാഷ്‌തികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിശീലകനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം യാഷ്‌തികയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. കുടുംബം പരാതി നൽകിയിട്ടില്ലെന്നും അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.അടുത്തിടെ നടന്ന രാജസ്ഥാൻ സ്റ്റേറ്റ് സബ് ജൂനിയർ ആന്റ് സീനിയർ പുരുഷ, വനിതാ എക്വിപ്പ്‌ഡ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ യാഷ്‌തിക സ്വർണം നേടിയിരുന്നു. ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ എക്വിപ്പ്‌ഡ് വിഭാഗത്തിൽ സ്വർണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു.











