സമീപകാലത്തെ തിരിച്ചടികൾക്ക് ശേഷം മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് ഉറപ്പ് നൽകുന്നതാണ് നടന്റെ പുതിയ സിനിമാ അപ്ഡേറ്റുകൾ. എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന ഒരുങ്ങി യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ അറിയിച്ചു. തിരുവനന്തപുരത്തും കൊൽക്കത്തയിലും ഷില്ലോങ്ങിലുമായിരിക്കും സിനിമ ചിത്രീകരിക്കുക എന്നും മോഹൻലാൽ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അനൂപ് മേനോന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്. അതേസമയം സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും കൈ കൊടുക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. 2015 ല്‍ പുറത്തെത്തിയ ‘എന്നും എപ്പോഴും’ ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.