തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പേങ്കല്ലയിൽ കാട്ടാന ആക്രമണം . സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സ്കൂട്ടർ ആന തകർത്തു . നിസാരമായി പരിക്കേറ്റ സുധി , രാജീവ് എന്നിവർ ചികിത്സ തേടി. രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെയാണ് ആന ആക്രമിച്ചത്. ശാസ്താംനട ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ഒറ്റയാൻ നിലയുറപ്പിച്ചിരുന്നത്. സ്കൂട്ടർ കണ്ട ഉടൻ ആന പാഞ്ഞടുത്തു. വാഹനം നിലത്തിട്ട് ഓടുന്നതിനിടെ രാജീവിനും സുധിക്കും പരിക്കേറ്റു . പരിക്കേറ്റ ഇരുവരും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൻ്റെ ഒരു ഭാഗം ആന തകർത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 8 കിലോമീറ്റർ അപുറത്തെ വനത്തിലാണ് ബാബുവിനെ ആന ചവിട്ടികൊന്നത്. പാലോട് പൊലീസും കളത്തൂപ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.