തിരുവനന്തപുരം: മദ്യമോഷണം തടയാൻ പുതിയ പരിഷ്‌കാരവുമായി ബെവ്‌ക്കോ. കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. ഇനി കുപ്പികൾ ഈ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് മാറ്റിയ ശേഷം ആവശ്യക്കാർക്ക് കുപ്പി നൽകും. ഈ ലോക്ക് നീക്കാതെ കുപ്പിയുമായി ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ പുറത്തേക്കുള്ള വാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ശബ്‌ദമുണ്ടാക്കും.1000 രൂപയ്‌ക്ക് മുകളിൽ വിലവരുന്ന മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിലാണ് ആദ്യ പരീക്ഷണം നടത്തുന്നത്. ഇവിടെ നിന്ന് അറുപതിനായിരം രൂപയുടെ മദ്യം മോഷണം പോയിരുന്നു.ഒരു മാസത്തിന് ശേഷം എല്ലാ പ്രീമിയം ഔട്ട്‌ലറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും എന്നും സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. പൊലീസിൽ ലഭിച്ച പരാതികളുടെ കണക്കെടുത്താൽ ബെവ്‌ക്കോയിൽ നിന്ന് നാല് ലക്ഷം രൂപയുടെ മദ്യമാണ് നഷ്‌ടപ്പെട്ടത്. വ്യാജ മദ്യം വിൽക്കുന്നത് തടയാനായി ഏപ്രിൽ മുതൽ കുപ്പികളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിലും തീരുമാനമായി.