കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. നേപ്പാളിൽ നിന്നാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖിനെ (27) കോഴിക്കോട് ചേവായൂർ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാൾ കേസിലെ ആറാം പ്രതിയാണ്. ബാലുശ്ശേരി സ്വദേശിയായ ലുഖ്മാനുൽ ഹക്കീമിന് നേരെയാണ് വധശ്രമമുണ്ടായത്. 2022ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ലുഖ്മാനുൽ ഹക്കീമും ഭാര്യയും തമ്മിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി, ലുഖ്മാനുൽ ഹക്കീമിനെ വകവരുത്താനായി ക്വട്ടേഷൻ നൽകുകയായിരുന്നു. ബേപ്പൂർ സ്വദേശിയായ ജാഷിംഷാ എന്നയാൾക്കാണ് ക്വട്ടേഷൻ നൽകിയത്. ജാഷിംഷാ നാലുപേരെ ഇതിനായി നിയോഗിച്ചു.
ഈ സംഘം ലുഖ്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ – കൊണ്ടോട്ടി റോഡിലെ തടിമില്ലിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് നാട്ടുകാർ ഓടികൂടി. പിന്നാലെ അക്രമികൾ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയിലാണ് പ്രതികളിൽ ഒരാളായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടന്നത്. ഇയാൾ നേപ്പാളിൽ ഉണ്ടെന്ന് വിവരം ലഭിച്ച അന്വേഷണസംഘം അവിടേക്ക് പോയി. കഴിഞ്ഞ 12-ാം തീയതിയാണ് കാഠ്മണ്ഡുവിനടുത്തുവച്ച് സാഹസികമായി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.