തിരുവനന്തപുരം : വെർച്വൽ അറസ്‌റ്റ് തട്ടിപ്പിന് ഇരയായി തലസ്ഥാനത്ത് 52കാരന് 1.84 കോടി രൂപ നഷ്ടം. സ്വകാര്യ കമ്പനി ജീവനക്കാരനായ കവടിയാർ ജവഹർനഗർ സ്വദേശിക്കാണ് പണം നഷ്‌ടമായത്. സിബിഐ ഓഫിസർ ചമഞ്ഞ് വീഡിയോകോളിൽ വിളിച്ചു ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വിർച്വൽ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹിയിലുള്ള ഓഫീസിൽ നിന്നാണെന്നു പരിചയപ്പെടുത്തി വന്ന ഫോൺ കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്‌ത ഒന്നാം പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും കോൾ സിബിഐ ഇൻസ്പെക്‌ടർക്ക് കൈമാറുകയാണെന്നും പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് ഒരാൾ പരാതിക്കാരനോട് വീഡിയോകോളിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.പരാതിക്കാരനെ വിർച്വൽ അറസ്റ്റ് ചെയ്‌തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്‌ബുക്കുകളും മറ്റും അയക്കാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ അയച്ചു കൊടുത്ത ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽനിന്ന് സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പ് സംഘം പണം നിയമവിധേയമാണോയെന്ന് അറിയാൻ പരിശോധിക്കണമെന്നും അല്ലെങ്കിൽ കേസ് എടുക്കുമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞു. കേസിൽ പ്രതിയാകുമെന്ന് ഭയന്ന് ഇവർ പറഞ്ഞ പ്രകാരം പരാതിക്കാരൻ പണം അയച്ചു കൊടുക്കുകയായിരുന്നു. 50 ലക്ഷം രൂപ ബാങ്കിൽനിന്നും ലോൺ എടുത്താണു കൈമാറിയതെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായ വിവരം ഏറെ വൈകി തിരിച്ചറിഞ്ഞ പരാതിക്കാരൻ വ്യാഴാഴ്‌ചയാണ് പരാതി നൽകിയത്. പണം കൈമാറിയിരിക്കുന്ന പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പിനായി ബന്ധപ്പെട്ട മൊബൈൽ ഫോൺ നമ്പരുകളും കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.