ആലപ്പുഴ: വയനാട്ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്കെതിരെ സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിൻ്റേതെന്ന് തോമസ് ഐസക് പറഞ്ഞു. ഗ്രാന്‍ഡ് ചോദിച്ചാല്‍ വായ്പ തരുന്നുവെന്നും പ്രതിഷേധത്തോടെ വായ്പയെ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.’കേന്ദ്രമനുഭവിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ആന്ധ്ര അടക്കമുള്ളവര്‍ക്ക് പണം നല്‍കുമ്പോള്‍ ഈ മാനദണ്ഡം ഉണ്ടായില്ല. ദീര്‍ഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിത്. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും’, തോമസ് ഐസക് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 529. 50 കോടി രൂപയുടെ പലിശ രഹിത വായ്പ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 16 പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിര്‍മ്മാണം, സ്‌കൂള്‍ നവീകരണം, റോഡ് നിര്‍മ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവക്ക് പണം ചിലവഴിക്കാം. ടൗണ്‍ഷിപ്പിനായും പണം വിനിയോഗിക്കാം.എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മാണം തുടങ്ങണമെന്നാണ് നിബന്ധന. മാര്‍ച്ച് 31നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ നിര്‍ദേശത്തിന് പിന്നാലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല. വായ്പ തിരിച്ചടവിന് 50 വര്‍ഷത്തെ സാവകാശം നല്‍കി. നേരത്തെ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി ഇത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.