തമിഴ് സൂപ്പർ താരം അജിത് കുമാർ നായകനായി മഗിഴ് തിരുമേനി സംവിധാനം നിർവഹിച്ച ചിത്രമാണ് വിടാമുയർച്ചി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ അജിത് ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. തീയേറ്ററുകളിൽ എത്തിനാല് ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. അങ്ങനെ ആഗോളതലത്തിൽ സിനിമ 103.92 കോടി നേടിയതായാണ് സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാൽ വിടാമുയർച്ചി ബോക്സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷൻ ആവശ്യമാണ്.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.