തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഷേക്ക് ദർവേശ് സാഹിബ് ഉത്തരവിറക്കി. എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചായിരിക്കും അന്വേഷണം. 34 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുക. ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കമുള്ളവർ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. പിന്നീടാണ് തീരുമാനമുണ്ടായത്. പ്രതിദിനം പരാതിക്കാരുടെ എണ്ണം ഏറുകയാണെങ്കിലും കേസെടുക്കുന്നതിൽ പൊലീസിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം ശക്തമാണ്. ഇതേത്തുടർന്നു കൂടിയാണ് അന്വേഷണം ഇപ്പോൾ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഏറണാകുളത്ത് മാത്രം ആയിരത്തോളം പരാതികളുണ്ടെങ്കിലും ആകെ രജിസ്റ്റർ ചെയ്തത് പത്തിൽ താഴെ കേസ് മാത്രമാണ്. രാഷ്ട്രീയ നേതാക്കളും സംഘടനകളും പണം കൈപ്പറ്റിയ സാഹചര്യമാണ് മെല്ലെപോക്കിന് കാരണമെന്നാണ് ആക്ഷേപം. കേസുമായി ബന്ധപ്പെട്ട് ഉന്നതർക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തിരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിനായി നൽകിയെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎ 7 ലക്ഷം രൂപ കയ്യിൽ വാങ്ങി. തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നൽകി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നൽകിയെന്നും അനന്തു കൃഷ്ണൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അനന്തുകൃഷ്ണനെ ഇന്നലെ എറണാകുളത്തെ വിവിധയിടങ്ങളിൽ എത്തിച്ച് മൂവാറ്റുപുഴ പൊലീസ് തെളിവെടുത്തിരുന്നു. പൊന്നുരുന്നിയിലെ എൻജിഒ കോൺഫെഡറേഷന്റെ പ്രോജക്ട് ഓഫീസ്, പനമ്പിള്ളിനഗറിലെ വില്ല, മറൈൻഡ്രൈവിലെ അശോക ഫ്ളാറ്റ്, പാലാരിവട്ടത്തെയും കളമശേരിയിലെയും ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എല്ലാ സ്ഥലവും പാെലീസ് സീൽ ചെയ്തു. ഇലക്ട്രോണിക് വസ്തുക്കളും മറ്റും പരിശോധിക്കേണ്ടതിനാൽ വീണ്ടും പരിശോധന നടത്തും. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് രാവിലെ അനന്തുകൃഷ്ണനെ കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.