തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണംവാങ്ങിയെന്ന ആരോപണം നിഷേധിച്ച് മൂവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ. താൻ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നൽകിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ടയിടങ്ങളിൽനിന്ന് വിവരംലഭിച്ചിട്ടുണ്ടെന്നും കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞാൻ ഏഴുലക്ഷം രൂപ വാങ്ങിച്ചെന്ന് തെളിയിക്കേണ്ട. സാധാരണക്കാരന്, സാമാന്യജനത്തിന് പ്രഥമദൃഷ്ട്യാ സംശയംതോന്നുന്ന സാഹചര്യങ്ങൾ എങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലാണ് ഈ വാർത്ത കൊണ്ടുവന്നത്. അത് തെളിയിക്കാൻ ആ ചാനലിനെ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയും ചെയ്തു. ഞങ്ങളുടെ റിപ്പോർട്ടർ ആ മൊഴി കണ്ടുവെന്നാണ് ചാനൽ പറയുന്നത്. എന്താണ് നിങ്ങളുടെ വിശ്വാസ്യതയെന്നും കുഴൽനാടൻ ആരാഞ്ഞു.