രാഷ്ട്രീയ നേതാക്കൾക്ക് സഹകരണസംഘം അക്കൗണ്ടുകളിലൂടെ പണം നൽകിയതായി പാതിവിലത്തട്ടിപ്പ് കേസിൽ പിടിയിലായ അനന്തുകൃഷ്ണന്റെ മൊഴി. ഇത് ഉറപ്പിക്കാനായി ഇയാളുടെ ഫോണിലെ വോയ്സ് ചാറ്റുകളും വാട്സാപ്പ് സന്ദേശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് പാർട്ടികളുടെ സ്ഥാനാർഥികൾക്കും നേതാക്കൾക്കുമായി 90 ലക്ഷം രൂപ നൽകി. പണമായും അല്ലാതെയും നൽകിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴിയും പണം കൊടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സംഭാവനയായാണ് പണം നൽകിയത്. എൻ.ജി.ഒ. കോൺഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നൽകിയിട്ടുണ്ട്.
ഇടുക്കി, കോട്ടയം ജില്ലകളിലായി അഞ്ചിടത്ത് അനന്തുകൃഷ്ണൻ സ്ഥലങ്ങൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. ചില സ്ഥലങ്ങൾക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും കണ്ടെത്തി
മുട്ടത്ത് 85 ലക്ഷം നൽകി 50 സെന്റും കുടയത്തൂരിൽ 40 ലക്ഷം നൽകി രണ്ട് പ്ലോട്ടുകളും ഈരാറ്റുപേട്ടയിൽ 23 സെന്റും വാങ്ങി. കുടയത്തൂരിൽ അമ്പലത്തിനുസമീപം 50 സെന്റിന് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് വാഹനങ്ങൾ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് പിടിച്ചെടുത്തിരുന്നു.
നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത പണം വന്നിരുന്ന അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസ് ഇനവേഷൻ എന്ന സ്ഥാപനത്തിനുവേണ്ടി എൻ.ജി.ഒ. കോൺഫെഡറേഷനിൽ ചില ബൈലോ ഭേദഗതികൾ വരുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.







