മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ. തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്ത് വിട്ടു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തിയെന്നും യുപി സർക്കാർ വ്യക്തമാക്കി.പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ കഴിഞ്ഞ ദിവസം ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അദ്ദേഹം പങ്കെടുത്തത്. ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിലും ഭൂട്ടാൻ രാജാവ് പങ്കെടുത്തു. ‘സംസ്കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്‌രാജിലേക്ക് ഭൂട്ടാൻ രാജാവിന് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്.പൂജകൾക്കായി ത്രിവേണീ തീരത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. യോഗി ആദിത്യനാഥിനൊപ്പം പ്രാർത്ഥന നടത്തുന്നതിന്റെയും പ്രത്യേക പൂജകൾക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം പുണ്യസ്നാനം നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.അതേസമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമർശനവുമായി സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം രംഗത്തെത്തി. കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോഗിയും ചിന്തിക്കണം. ഗംഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സർക്കാറും വാഗ്ദാനം പാലിച്ചില്ല.പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെയും സർക്കാർ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഗംഗയുടെ ആഗ്രഹം.യുവാക്കൾ അനധികൃതമായും വിദേശത്തേക്ക് പോകുന്നത് രാജ്യത്ത് ജോലിയില്ലാത്തതുകൊണ്ടാണ്, ഈ സാഹചര്യം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.