തൃശൂര്‍: ലഹരി വസ്തുക്കളുടെ വില്പന ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് വീട്ടില്‍ സനുവാണ് (26) അറസ്റ്റിലായത്. മാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎ കുന്നംകുളം മേഖലയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.മാസങ്ങള്‍ക്കു മുന്‍പ് പെരുമ്പിലാവില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വൈശാഖ്, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിന്‍ പോള്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അജില്‍,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.