ലഖ്‌നൗ: വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ബെംഗളൂരു- അയോധ്യ ആകാശ് എയര്‍ വിമാനത്തിനാണ് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് വിമാനം അയോധ്യ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവിടെ പരിശോധന പുരോഗമിക്കുകയാണ്. അതേസമയം ലഖ്‌നോവിലെ പത്തോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രതി ഇ-മെയിലിലൂടെ പണം ആവശ്യപ്പെട്ടതായും നല്‍കിയില്ലെങ്കില്‍ ബോംബ് പൊട്ടിത്തെറിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 300ഓളം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മാത്രം 25ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കാണ് സന്ദേശം ലഭിച്ചത്. വ്യാജ ഭീഷണികള്‍ മൂലം വലിയ രീതിയിലുള്ള സുരക്ഷ ഭീഷണിയും, സാമ്പത്തിക പ്രതിസന്ധിയുമാണ് രാജ്യത്തെ വ്യോമയാന മേഖലയില്‍ ഉണ്ടായിട്ടുള്ളത്.