ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ഫ്ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ന്യായീകരണവുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ. റാഗിംഗ് നടന്നതിന് തെളിവില്ല. അദ്ധ്യാപകരും സഹപാഠികളുമൊക്കെ റാഗിംഗ് നടന്നിട്ടില്ലെന്നാണ് പറയുന്നത്. യാതൊരു തെളിവുകളും ഇല്ലാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് അമ്മ പരാതി നൽകിയതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പരാതി ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ചു. എന്നാൽ പരാതി സാധൂകരിക്കുന്ന രീതിയിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരാമർശിക്കുന്ന വിദ്യാർത്ഥികളുടെ പേര് പരാതിയിലുമുണ്ടായിരുന്നു. എന്നാൽ തെളിവുകളൊന്നുമില്ലാതെ നടപടിയെടുക്കാൻ സാധിക്കില്ല. അവർ വിദ്യാർത്ഥികളാണെന്ന് പരിഗണിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്താനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ നടന്ന മൊഴിയെടുപ്പിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മിഹിർ മുമ്പ് പഠിച്ചിരുന്ന ജെംസ് സ്‌കൂൾ അധികൃതരിൽ നിന്നും ഗ്ലോബൽ സ്‌കൂൾ അധികൃതരിൽ നിന്നും മൊഴിയെടുത്തു. കാക്കനാട് ജെംസ് ഇന്റർനാഷണൽ സ്‌കൂളും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളും എൻ ഒ സി സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നും ഇതിന് ഒരു ദിവസം കൂടി സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ നടപടിക്ക് കൂടി ശുപാർശ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. മാതാവിന്റെ ആരോപണങ്ങളിൽ പറയുന്ന അധിക്ഷേപങ്ങൾക്ക് കുട്ടി വിധേയനായിരുന്നോ എന്ന് വിശദമായി പരിശോധിക്കും.
ഇക്കാര്യത്തിൽ കൗൺസിലർമാർ മുഖേന സഹപാഠികളുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് 5.30വരെയായിരുന്നു മൊഴിയെടുപ്പ്. മിഹിർ അഹമ്മദിന്റെ മാതാപിതാക്കളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പൽ, ഡിപ്പാർട്ട്‌മെന്റ് ഹെഡ്, ക്ലാസ് ടീച്ചർ എന്നിവരുടെയും ജെംസ് സ്‌കൂൾ വൈസ് പ്രിൻസിപ്പലിന്റെയും മൊഴി രേഖപ്പെടുത്തി.
കുട്ടിയുടെ മരണത്തിനു പ്രധാന കാരണമായത് ജെംസ്, ഗ്ലോബൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് കുട്ടിയുടെ രക്ഷിതാക്കൾ മൊഴി നൽകി. ജെംസ് സ്‌കൂൾ അധികൃതർ മാനസികമായി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. സ്‌കൂൾ മാറിയെത്തിയപ്പോൾ ഗ്ലോബൽ സ്‌കൂളിലും സമാനമായ അവസ്ഥയായിരുന്നെന്നും റാഗിംഗിനു വിധേയനായെന്നുമുള്ള വിവരങ്ങളും ധരിപ്പിച്ച മാതാപിതാക്കൾ ഇതിനെ സാധൂകരിക്കുന്ന തെളിവുകളും കൈമാറി.
ജെംസിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് സ്‌കൂളിലെത്തിയ മിഹിറിനെ പ്രത്യേകം മുറിയിൽ തനിച്ചിരുത്തി പരീക്ഷയെഴുതിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു. ഈ ആരോപണങ്ങൾ മുൻനിറുത്തി ജെംസ് ഇന്റർനാഷണൽ സ്‌കൂളിലെ വൈസ് പ്രിൻസിപ്പലിനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.