ഈ മാസം 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ താരം റിക്കി പോണ്ടിങ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മറ്റൊരു ഐസിസി ഫൈനൽ കാണാൻ സാധിക്കുമെന്നാണ് പോണ്ടിങ് പറയുന്നത്. ഇരുടീമുകൾക്കും മികച്ച താരങ്ങളുണ്ട്. കുറച്ച് വർഷമായുള്ള ഐസിസി ടൂർണമെന്റുകളുടെ ഫൈനൽ നോക്കൂ. അവയിൽ ഒരു ടീം ഇന്ത്യ അല്ലെങ്കില് ഓസ്ട്രേലിയ ആയിരിക്കും. ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ മാത്രമാണ് നിലവിൽ ചിന്തിക്കാൻ കഴിയുകയെന്ന് ഐസിസി റിവ്യു എന്ന പരിപാടിയിൽ പോണ്ടിങ് പറഞ്ഞു.ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസിലാൻഡും പാകിസ്താനുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.ഫെബ്രുവരി 22ന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയുടെ മറ്റ് എതിരാളികൾ. 2023 ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലായിരുന്നു ഫൈനൽ. രണ്ടിടത്തും ഓസീസിനായിരുന്നു വിജയം.