അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. സിനിമയുടെ തമിഴ്നാട്ടിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് ലഭിക്കുന്നത്.പല തിയേറ്ററുകളിലും സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് മുഴുവൻ വിറ്റു തീർന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിക്കറ്റിനായുള്ള തിരക്ക് വർധിക്കുന്നതിനാൽ പലരും കൂടുതൽ ഷോ സിനിമയ്ക്കായി ചാർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ചിത്രം ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 42.14 K ടിക്കറ്റ് വിറ്റെന്നാണ് പലരും എക്സിൽ പോസ്റ്റ് ചെയ്യുന്നത്. ഈ കുതിപ്പ് തുടർന്നാൽ അജിത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷൻ വിടാമുയർച്ചി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് 10 മണി മുതൽ ആരംഭിക്കും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക.മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്