കൊച്ചി: അഭിനേതാക്കളുടെ കനത്തപ്രതിഫലം താങ്ങാനാകാതെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടുത്തനടപടികളിലേക്ക്. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം നിർമാണം നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. പുതിയ നടീനടന്മാർപോലും ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകുന്നില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. പ്രതിഫലത്തിനുപുറമേ അഭിനേതാക്കൾക്ക് ജി.എസ്.ടി.യും നൽകണം. കൂടാതെ വിനോദനികുതിയും സർക്കാർ പിരിക്കുന്നു. ആദ്യഘട്ടമായി സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങൾ ധരിപ്പിക്കും. കുതിച്ചുയർന്ന ചെലവിന്റെ പ്രത്യാഘാതങ്ങൾ വിതരണക്കാരെയും തിയേറ്ററുടമകളെയും ബാധിക്കുന്നതിനാൽ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുൻപെന്ന വ്യവസ്ഥമാറ്റി റിലീസിനുമുൻപ് മുഴുവൻ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ല. മറ്റ് സംഘടനകളുമായി നടത്തുന്ന കൂടിയാലോചനകൾക്കുശേഷം ‘അമ്മ’യുമായി വിശദമായി ചർച്ചനടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.