ഇന്ന് എന്തിനും ഏതിനും ആധാർ ഉണ്ടെങ്കിലേ പറ്റൂ. രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള ഒരു നിർബന്ധിത രേഖയാണ് അത്. അതുകൊണ്ടുതന്നെ ആധാർ വ്യാപകമായി ദുരുപയോഗിക്കപ്പെടുകയും ചെയ്യും. നമ്മൾ ചെയ്യുന്ന നിരുത്തരവാദപരമായ പ്രവൃത്തികൾ കൊണ്ടാണ് ആധാർ ദുരുപയോഗം കൂടുന്നത് എന്നതാണ് സത്യം. ആധാറിന്റെ ഒരു ഫോട്ടാേസ്റ്റാറ്റ് എടുക്കുമ്പോൾ പോലും ദുരുപയോഗിക്കാൻ ഉള്ള സാദ്ധ്യത കൂടുതലാണ്. പൊതു ആവശ്യങ്ങൾക്ക് മാസ്ക്ഡ് ആധാർ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് പിന്തുടരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്.
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾ നിങ്ങളുടെ ആധാർ രേഖകൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ വീട്ടിലിരുന്നുതന്നെ അത് എളുപ്പത്തിൽ കണ്ടുപിടിക്കാം. എന്നുമാത്രമല്ല ഉടനടി അധികൃതരെ അറിയിച്ച് നിയമനടപടികളും സ്വീകരിക്കാം. ഭൂരിപക്ഷത്തിനും ഇക്കാര്യം അറിയില്ലെന്നതാണ് സത്യം.
myAadhaar എന്ന പോർട്ടലിലൂടെയാണ് ഇത് സാധിക്കുന്നത്. ഈ പോർട്ടൽ സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിൽ നിർദ്ദിഷ്ട സ്ഥാനത്ത് നിങ്ങളുടെ ആധാർ നമ്പരും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലെ ഒടിപിയും നൽകുക. ഇതോടെ ഒരു പേജ് തുറന്നുവരും. ഇതിൽ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് കാണാൻ കഴിയും.
ഇത് വ്യക്തമായി നോക്കി മനസിലാക്കുക. നിങ്ങളുടേത് അല്ലാത്ത ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമായാൽ ഉടൻ അധികൃതരെ വിവരമറിയിക്കുക. UIDAI വെബ്‌സൈറ്റിലൂടെയും പരാതി നൽകാം.