മലപ്പുറം: നിലമ്പൂരിൽ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വക്കും. മയക്കുവെടി വയ്ക്കാൻ അനുമതി തേടി ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു. വയനാട്ടിൽ നിന്നുള്ള വിദഗ്ധസംഘം കൂരങ്കലിൽ എത്തും. ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ പറയുന്നു. ആനയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി.കാർത്തിക് നാട്ടുകാരുമായി സംസാരിച്ചിരുന്നു.