ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായ വേളയിൽ ടൊവിനോ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രതിസന്ധികളും വെല്ലുവിളികളും ഒരുപാടുണ്ടായിരുന്നു എന്നും അതിനെ തങ്ങൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചു എന്ന് നിർമ്മാതാവ് ടിപ്പു ഷാൻ കുറിച്ചപ്പോൾ, ജീവിതത്തിലെ മറക്കാൻ കഴിയാത്ത, പുതിയ പാഠങ്ങൾ പഠിപ്പിച്ച ജീവിതത്തിലെ ഒരു ഏടാണ് തങ്ങൾക്ക് ഈ ചിത്രമെന്ന് മറ്റൊരു നിർമ്മാതാവായ ഷിയാസ് ഹസ്സൻ പറയുന്നു.ഷൂട്ടിംഗ് കാലയളവിൽ തങ്ങൾ അറിഞ്ഞതും മനസ്സിലാക്കിയതുമായ പാഠങ്ങൾ ഒരു സ്‌കൂളിനും തരാൻ കഴിയുന്നതായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ വേഷമിട്ട റിനി കെ രാജൻ, സിനിമയുമായി ബന്ധപെട്ടു പ്രവർത്തിച്ച രതീഷ് കുമാർ രാജൻ, പ്രണവ് പറശ്ശിനി, ഗോകുൽനാഥ് ജി എന്നിവര്‍ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടി. ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഏറെ നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് നരിവേട്ട എന്ന് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാവും, ഒരു ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുമ്പോൾ തന്നെ ഇത്രയധികം വൈകാരിക അനുഭവങ്ങൾ പങ്ക് വെക്കപ്പെടുന്ന വാക്കുകൾ അതിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് ഉണ്ടാകുന്നത്.











