സ്ത്രീകൾക്ക് തുല്യാവകാശത്തോടൊപ്പം സാമുദായിക-സാമ്പത്തിക വെല്ലുവിളികളടക്കം നേരിടാവുന്ന സമഗ്ര നിയമമാണ് സിനിമ മേഖലയിൽ വേണ്ടതെന്ന് ഹൈകോടതി. നിലവിലെ നിയമങ്ങൾ ഇക്കാര്യങ്ങൾ പരിഗണിക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. ദളിത് സ്ത്രീകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളും സിനിമ മേഖലയിലും വിവേചനം നേരിടുന്നുണ്ട്. എന്നാൽ, നിയമ നിർമ്മാണത്തിനുള്ള സർക്കാറിൻ്റെ അധികാരത്തിൽ ഇടപെടില്ലെന്നും സഹായകമായ ശുപാർശകൾ നൽകുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് പുതുതായി എട്ട് പരാതികൾകൂടി ലഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. അഞ്ചെണ്ണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.മൂന്നെണ്ണം തുടർ നടപടികൾക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു. സിനിമ-ടെലിവിഷൻ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ അടക്കം കരട് നിർദേശങ്ങൾ അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ചു. കേരള എൻ്റർടെയ്ൻമെൻറ്റ് ഇൻഡസ്ട്രി (ഇക്വാലിറ്റി ആൻഡ് എംപവർമെൻറ്റ്) ആക്ട് എന്നാണ് കരട് നിയമത്തിൻ്റെ പേര്. റിട്ട. ഹൈകോടതി ജഡ്ജിയാണ് ട്രൈബ്യൂണൽ (കെ.ഇ.ഐ.ടി.) ചെയർമാൻ.വനിത കമ്മീഷൻ, വിമൻ ഇൻ സിനിമ കലക്ടിവ് അടക്കമുള്ളവർ നൽകിയ അഭിപ്രായങ്ങൾ പരിഗണിച്ചാണ് നിർദേശങ്ങൾ തയാറാക്കിയത്. ഡിജിറ്റലായി പരാതി നൽകാൻ കേന്ദ്രം നടപ്പാക്കിയ ഷീ ബോക്സ്, പരാതി ഉന്നയിക്കാൻ കഴിയുന്ന നോഡൽ ഓഫിസർ തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഹരജി വീണ്ടും ഫെബ്രുവരി ആറിന് പരിഗണിക്കും.