പാലക്കാട് : സ്ഥാനാർഥികൾ പത്രിക സമര്‍പ്പിച്ചതോടെ അവരുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൈവശം പണമായി 25,000 രൂപയും മാതാവ് എം.ബി ബീനയുടെ കൈവശം 10,000 രൂപയുമുള്ളതായാണ് പത്രികയിൽ കാണിച്ചിരിക്കുന്നത്. 39,36,454 രൂപയുടെ ആസ്തിയാണ് രാഹുലിനുള്ളത്. മാതാവിന് 43,98,736 രൂപയുടെ ആസ്തിയുമുണ്ട്. രണ്ടുപേർക്കുമായി 49,87,598 രൂപയുടെ കടബാധ്യതയുണ്ട്. രാഹുലിൻ്റെ പേരിൽ 29 കേസുകളാണുള്ളത്. ഇതിൽ 19 എണ്ണം തീർപ്പാക്കി. എൽ.ഡി.എഫ് സ്ഥാനാർഥി സരിൻ്റെ പക്കൽ പണമായുള്ളത് 5000 രൂപയും ഭാര്യ എസ്. സൗമ്യയുടെ കൈയിൽ 10,000 രൂപയുമാണുള്ളത്. 20,22,124. 77 രൂപയുടെ ആസ്തിയാണ് സരിനുള്ളത്. ഭാര്യക്ക് 42,19,125. 57 രൂപയുടെ ആസ്തിയുമുണ്ട്. രണ്ടുപർക്കും കടബാധ്യതകളില്ല. സരിനെതിരേ ആറ് ക്രിമിനൽ കേസുകളാണുള്ളത്. ഇതിൽ ഒരെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെയും ഭാര്യ മിനിമോളുടെയും കൈവശം പണമായുള്ളത് 10,000 രൂപ വീതമാണ്. 40 ലക്ഷത്തിൻ്റെ സ്വത്ത് കൃഷ്ണകുമാറിനും 39 ലക്ഷം രൂപയുടെ സ്വത്ത് ഭാര്യക്കുമുണ്ട്. രണ്ടുപേർക്കുമായി 6,84,733 രൂപയുടെ കടബാധ്യതയുണ്ട്. 21 കേസുകളാണ് കൃഷ്ണകുമാറിനെതിരേയുള്ളത്. പത്തെണ്ണത്തിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്നു.
