നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെയുള്ള തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി. വിഷത്തില്‍ ബോബി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭവിച്ച കാര്യങ്ങളിൽ സങ്കടമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കാന്‍ തയ്യാറാണെന്നും മാധ്യമ പട വന്ന് ചുറ്റിയപ്പോൾ സംഭവിച്ചു പോയ പ്രതികരണമാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.അതേസമയം, നീതിന്യായ വ്യവസ്ഥയോട് ബോബി ചെമ്മണ്ണൂർ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജയിലിനു പുറത്തേക്ക് വന്നത് ഒളിമ്പിക്സിന് സ്വർണ്ണ മെഡൽ കിട്ടിയതു പോലെയാണെന്നും അഭിഭാഷകന്‍ കൂടി പ്രശ്‌നത്തിലാകരുതെന്നും പറഞ്ഞ ഹൈക്കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ ബോബിയെ ഹൈക്കോടതി കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. ബോബിയുടേത് നാടകമെന്നും തടവുകാര്‍ക്കൊപ്പം ജയിലില്‍ ആസ്വദിക്കട്ടെയെന്നുമായിരുന്നു കോടതിയുടെ വിമർശനം. ബോബി മാപ്പപേക്ഷിച്ചെങ്കിലും കോടതി ചെവി കൊടുത്തില്ല. ഒന്നേ മുക്കാലിന് നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാൻ കോടതി നിർദേശം നല്‍കി. ജുഡീഷ്യറിയോടാണ് അദ്ദേഹം കളിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനിടെ ഉച്ചക്ക് 12 മണിക്ക് തൃശൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനം ബോബി നാല് മണിയിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ ജയിലിൽ നിന്നും ഇറങ്ങാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. മെട്രോയുടെ പണി നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്ക് കാരണമാണ് സമയത്ത് എത്താനാകാതിരുന്നതെന്നും ഇതുവരെ കോടതിയെ ധിക്കരിച്ചിട്ടില്ല.നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഇനി വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുമെന്നും ബോബി വ്യക്തമാക്കി.കോടതിക്ക് തോന്നിയ മനോവിഷമത്തിൽ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. തൻറെ മാപ്പപേക്ഷ കോടതി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ആരാധകരോട് ഒരുതരത്തിലും പ്രതികരണം നടത്തരുതെന്ന് നേരത്തെ നിർദ്ദേശിച്ചതാണ്.ഇനിയും അവരോട് ആവർത്തിക്കാനുള്ളത് അതാണ്. കേസ് തീർന്നതിനു ശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തും.അതുവരെയും ഒന്നും ചെയ്യരുതെന്ന അഭ്യർത്ഥന അവർ കേൾക്കണമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.