എടപ്പാൾ:ജലജീവൻ പദ്ധതിക്കായി പൊളിച്ച എടപ്പാൾ പട്ടണത്തിലെ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടി വട്ടംകുളം പഞ്ചായത്തിലെ മെമ്പർമാർ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ടൗണിൽ ധർണ്ണ നടത്തി. പൊടി ശല്യം കാരണം ദുരിതം സഹിക്കാൻ കഴിയാത്ത വ്യാപാരികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കാളികളായി.ടൗണിലും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലൂടെ നാലു റോഡുകളിലും റോഡ് പൊളിച്ച് പൈപ്പ് മൂടിയെങ്കിലും ടാറിങ് നടത്താത്തതിനാൽ പൊടിയിൽ മുങ്ങുകയാണ്.പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി മൂന്നുവട്ടം ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. പരിഹാരം കാണും എന്ന് ഉറപ്പു പറഞ്ഞതല്ലാതെ പാലിക്കപ്പെടാതെ ആയതോടെയാണ് ജനപ്രതിനിധികൾ തെരുവിലിറങ്ങിയത്. എടപ്പാൾ ടൗണിൽ നടന്ന ധർണ്ണ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ഇ .എസ് സുകുമാരൻ അധ്യക്ഷനായിരുന്നു. മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, വൈസ് പ്രസിഡണ്ട് ഫസീല സജീബ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, അംഗങ്ങളായ അക്ബർ പനച്ചിക്കൽ, ദീപ മണികണ്ഠൻ, ശാന്തമാധവൻ, ഹാജറ മുതുമുറ്റത്ത് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ പി ശങ്കരനാരായണൻ കെ .എ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.