കൊച്ചി: താര സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു വിഷമകരമായ തീരുമാനം എടുത്തതെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ഈ സ്ഥാനത്ത് ഇരിക്കുന്ന സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരമായ അനുഭവമാണ് എനിക്ക് സമ്മാനിച്ചതെന്ന് ഉണ്ണി പറഞ്ഞു. മാർക്കോയുടെ വിജയത്തിന് ശേഷമുണ്ടായ സിനിമ തിരക്കുകളെ തുടർന്നാണ് ഉണ്ണി ട്രഷറർ സ്ഥാനം രാജിവയ്ക്കുന്നത്.അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിന് ശേഷം അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ആരോപണം ഉയർത്തുകയും കേസെടുക്കുകയും ചെയ്തതോടെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സംഘടനയുടെ ചുമതല. ഈ വർഷം ജൂൺ വരെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാൻ സാധിക്കും.